മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് ജനപ്രതിനിധികളുടെ വിജയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിജയോത്സവത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് ആദരിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം കേക്ക് മുറിച്ച് മൂവാറ്റുപുഴ നിയോജകമണ്ഡലതല ക്രിസ്മസ് ആഘോഷത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. നിയോജകമണ്ഡലത്തിലെ മുഴുവന്‍ യുഡിഎഫ് ജനപ്രതിനിധികളും ഈ വര്‍ഷത്തെ ക്രിസ്മസ് തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം ആഘോഷിക്കുമെന്ന്ചടങ്ങില് അധ്യക്ഷത വഹിച്ച മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രാധാന്യം അംഗീകരിച്ചുള്ള ഈ തീരുമാനം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അശാസ്ത്രീയമായ വോട്ടര്‍ പട്ടികയിലൂടെ തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടും ജനങ്ങള്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തുവെന്ന് കെ. മുരളീധരന് പറഞ്ഞു. ജനങ്ങളുടെ വിശ്വാസം യുഡിഎഫിനോടാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ ഉള്‍പ്പെടെ എല്ലാ വകുപ്പുകളിലും തകര്‍ന്ന ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും മുരളീധരന് വ്യക്തമാക്കി.
എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ഹാരീസ് ബീരാന്, നേതാക്കളായ കെ.എം. സലിം, കെ.എം. അബ്ദുള്‍ മജീദ്, അമീര്‍ അലി, പി.എ. ബഷീര്‍, വർഗീസ് മാത്യു, ഉല്ലാസ് തോമസ്, പി.പി. എല്‍ദോസ്, സാബു ജോണ്‍, സുഭാഷ് കടയ്ക്കോട്, ഷൈസന്‍ മാങ്ങഴ, ടോമി പാലമല, റെജി ജോര്‍ജ്, പായിപ്ര കൃഷ്ണന്, കെ.ജി. രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.